Blog

ഓണമില്ലാത്ത ഉണ്ണികൾ!!!

ഓണമില്ലാത്ത ഉണ്ണികൾ!!!

ഓണമില്ലാത്ത ഉണ്ണികൾ!!! പൂവനങ്ങൾക്കും മുറ്റത്തെ പൂക്കളങ്ങൾക്കും മേലെ ഓണവെയിൽ പരന്നു. തൊടിയിൽ കുഞ്ഞുങ്ങൾ ഊഞ്ഞാൽ ആടാൻ തുടങ്ങി..ഒരു ഗൃഹാതുര സ്വപ്നം പോലെ മാവേലിയുടെ വരവും കാത്തു പൂത്തുമ്പികൾ വെയിലിൽ പാറിക്കളിച്ചു! ആശുപത്രിക്കുള്ളിൽ പറന്ന് എത്തിയ ഒരു പൂമ്പാറ്റ ICU വിനുള്ളിലേക്കു എത്തിനോക്കി! ഓണത്തിന്റെ വരവറിയാതെ തുമ്പകൾ പൂത്തതും തൊടിയിൽ തുമ്പികൾ പറക്കുന്നതും അറിയാതെ കുറച്ചുപേർ അവിടെ തളർന്നു കിടക്കുന്നതു പൂമ്പാറ്റ കണ്ടു! ബീപ്പ് ബീപ്പ് അടിക്കുന്ന മെഷീനുകളുടെ ഇടയിലൂടെ പൂമ്പാറ്റ ഒന്ന് പറക്കാൻ നോക്കി! അങ്ങേ മൂലയിൽ ഒരുബെഡിൽ തളർന്നു കിടന്ന ഒരാൾ അതിനെ സൂക്ഷിച്ചു നോക്കി! വർണ്ണചിറകുകൾ വിടർത്തി തന്റെ നേരെ പറന്ന് വന്ന ആ ചിത്രശലഭത്തെ കണ്ടു അയാൾ കണ്ണടച്ചു! ICU വിന്റെ ചില്ലു ജനലിലൂടെ വന്ന വെയിൽകീറ് അയാളുടെ മുറിഞ്ഞ തലയുടെ മുകളിൽ തലോടും പോലെ തത്ത്തികളിക്കുന്നുണ്ടായിരുന്നു! വീങ്ങിയ കൺപോളകൾ അയാളെ കണ്ണ് തുറക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചു!

തലക്കുള്ളിൽ എവിടെയോ നിന്ന് രക്തക്കുഴലിൽ വളർന്ന ഒരു മുഴ അയാളുടെ ഓർമകളിൽ മുറിപ്പാടുകൾ വീഴിച്ചിരിക്കുന്നു!ഓണനാളുകളിൽ വിരുന്നു വരുന്ന പേരക്കുട്ടിയുടെ കിളികൊഞ്ചൽ അയാൾ മറന്നു പോയി! അവൾക്കു വേണ്ടി കരുതി വച്ച വാഴക്കുലയുടെയും കൈതപ്പൂവിന്റെയും മഞ്ചാടിമണികളുടെയും കാര്യം അയാൾക്കു ഓർത്തെടുക്കാനേ പറ്റുന്നുണ്ടായിരുന്നില്ല! പാടവരമ്പത്തു പൂവിട്ട കദളിയും കൊങ്ങിണിയും അയാളുടെ തളർന്ന മനസ്സിൽ പഴയ ഓണക്കാലത്തെ ഓർമിപ്പിക്കുന്നെ ഇല്ലായിരുന്നു! മറവിയുടെയും തളർച്ചയുടെയും ആഴങ്ങളിൽ അയാൾ ആണ്ടു കിടന്നു! മെഷീനുകളുടെ സാന്ത്വന ശബ്ദങ്ങൾക്കിടയിൽ നിശ്ശബ്ദമായി തളർന്നുറങ്ങുന്ന കുറെ പേരെക്കൂടി പൂമ്പാറ്റ നോക്കിനിന്നു! ഒടുവിൽ കുഞ്ഞി ചിറകുകൾ വീശി പാതി തുറന്ന ICU വാതിലിലൂടെ അത് പുറത്തേക്കു പറന്നു! ഓണവെയിലിലേക്കു ഊളിയിടുമ്പോ പൂമ്പാറ്റ ഓണമില്ലാത്തവരെക്കുറിച്ചാണോർത്തത്! മറവിയുടെയും രോഗത്തിന്റെയും തളർച്ചയിൽ ഉറങ്ങുന്നവരുടെ സ്വപ്നങ്ങളിൽ നിറക്കാൻ പൂമ്പാറ്റ ഒരു പിടി മഴവില്ലിന്റെ നിറങ്ങൾ മാവേലിത്തമ്പുരാനോട് വരം ചോദിച്ചു! ICU വിനുള്ളിലെ ഉണ്ണികൾക്കു വേണ്ടി തമ്പുരാൻ വരംകൊടുക്കുക തന്നെ ചെയ്തു...അവർ കണ്ട സ്വപ്നങ്ങളിൽ നിറയെ പൂക്കളും പൂമ്പാറ്റകളും പൂത്തുമ്പികളും ഊഞ്ഞാൽ പാട്ടും സദ്യവട്ടങ്ങളും ഉണ്ടായിരുന്നു! ജീവന്റെ താളത്തിലേക്ക് തിരിച്ചു വരുമ്പോൾ അവർക്കു ഓർമകളിൽ നിറയെ ഓണത്തിന്റെ സൗരഭ്യവും ഉണ്ടായിരുന്നു! പൂമ്പാറ്റ സന്തോഷത്തോടെ പറന്നു പോയി!!!